ചെന്നൈ: നടന്‍ കമല്‍ഹാസന് തിരിച്ചടി. മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി എ അരുണാചലം ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അരുണാചലം ബിജെപിയില്‍ ചേര്‍ന്നത്. പിഎംകെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചോഴന്‍ കുമാറും ബിജെപിയിലേക്ക് ചേക്കേറി.

എന്നാല്‍ കര്‍ഷക സമരത്തെ കമല്‍ഹാസന്‍ പിന്തുണച്ചതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് അരുണാചലം മാധ്യമങ്ങളോട് പറഞ്ഞു. അരുണാചലത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതായി എംഎന്‍എം വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ പറഞ്ഞു. ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ മാത്രമാണ് സമരത്തിനുള്ളതെന്നും രാഷ്ട്രീയ കാരണങ്ങളാണ് സമരത്തിന് പിന്നിലുള്ളതെന്നും വിഷയാധിഷ്ടിതമല്ല എംഎന്‍എം നിലപാടെന്നും അരുണാചലം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഓര്‍മ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here