ചലച്ചിത്ര അക്കാഡമിയിലെ ഇടതുഅനുകൂല ജീവനക്കാരെ സ്ഥിരപ്പെടുത്തണം,കമലിന്റെ നീക്കം സെക്രട്ടറി അറിയിക്കാതെ; കത്തയച്ചത് മന്ത്രിക്ക് നേരിട്ട്

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ ചായ്‌വുള്ളവരെ തള്ളിക്കയറ്റാനുള്ള ചെയര്‍മാനും സംവിധായകനുമായ കമലിന്റെ നീക്കം സെക്രട്ടറി അറിയാതെ. ഇടതുപക്ഷ ചിന്താഗതിക്കാരായ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തയച്ചതിലാണ് പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്.

നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനത്തെ സെക്രട്ടറി എതിര്‍ത്തതോടെ കമല്‍ നേരിട്ട് മന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. കമലിന്റെ ഈ നിര്‍ദ്ദേശത്തെ സെക്രട്ടറി എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ തള്ളിയത്. അക്കാദമിയിലെ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്‌., ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ.ജെ., പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍ വി.പി. എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കമല്‍ കത്തയച്ചത്.

സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് ചായ്വുള്ളവരെ നിയമിക്കണമെന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച കത്ത് പുറത്തുവിടുകയും ചെയ്തിരുന്നു.

അതേസമയം ഇടതുപക്ഷ അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കമലിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തി. ചലച്ചിത്ര അക്കാദമിയിലെ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ചിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here