കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിന് ഒടുവില്‍ ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്. ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തിലാണ് ആശുപത്രിയുടെ ഭാ​ഗത്ത് പിഴവുകളിലെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. രോഗികളുടെ ആന്തരിക അവയവങ്ങളെ കോവിഡ് ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കേളേജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികള്‍ പൊലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്വദേശി പി.കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്നും ഹാരിസിന്റെ കുടുംബം ആരോപിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here