കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്ക്കെതിരായ കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ അമ്മയ്ക്കെതിരായ കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അമ്മ നൽകിയ ജാമ്യഹർജിയെ എതിർത്തായിരുന്നു സർക്കാർ വാദം. അമ്മയ്ക്കെതിരായ മകൻ്റെ പരാതിയിൽ കഴമ്പുണ്ട് തെളിവുകൾ വ്യക്തമായി രേഖപ്പെടുത്തിയിരിയ്ക്കുന്ന കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യം കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.

കുട്ടിയ്ക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായി കുട്ടിയുടെ മൊഴികളിൽ പറയുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ഈ മരുന്ന് അമ്മയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാൽ അമ്മയ്ക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് നിലപാടിലേക്ക് പിന്നീട് കോടതിയെത്തി.

പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിതാവിന്റെ സമ്മർദ്ദത്തിലാണ് കുട്ടി ആരോപണം ഉന്നയിച്ചതെന്നും അമ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷം കേസിൽ വിശദമായ വാദം കേട്ട കോടതി നാളെ അമ്മയുടെ ജാമ്യ ഹർജിയിൽ വിധി പറയും.

കഴിഞ്ഞ ഡിസംബർ 28 നാണ് കുട്ടിയുടെ അമ്മയെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. ഇളയ മകനും അമ്മയ്ക്കനുകൂലമായി മൊഴി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here