പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെതിരായ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരിച്ചടി. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി തടവിലാക്കിയതിനെതിരെ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി.
ക്രിമിനല്‍ കേസുകളില്‍ പ്രധാന്യമനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ പറഞ്ഞു. ഒരു കേസിലെ കരുതല്‍ തടങ്കല്‍ ഉത്തരവ് മറ്റൊരു കേസില്‍ ഉപയോഗിക്കാനാവില്ല. കോടതി പരാമര്‍ശങ്ങള്‍, ക്രിമിനല്‍ കേസ് പ്രോസിക്യൂഷനെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. കഫീല്‍ ഖാനെ എന്‍എസ്എ പ്രകാരം തടങ്കലിലാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപ്രകാരമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. സെപ്തംബര്‍ ഒന്നിന് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയിരുന്നു.