കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതിന് പിന്നാലെ ബി.ജെ.പിയില്‍ കലാപക്കൊടി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്-കൃഷ്ണദാസ് പക്ഷങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. സുരേന്ദ്രനെതിരെ അമര്‍ഷമുള്ള നേതാക്കള്‍ പലരും കിട്ടിയ അവസരത്തില്‍ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ്.
സുരേന്ദ്രനെ നീക്കണമെന്നും സംഘടനാ നേതൃത്വത്തില്‍ പുന:സംഘടന വേണമെന്നും ശോഭാസുരേന്ദ്രന്-കൃഷ്ണദാസ് പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇടഞ്ഞുനില്ക്കുന്നവരെയും മുതിര്‍ന്ന നേതാക്കളെയും ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ സുരേന്ദ്രന് പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷിച്ച നേട്ടം ഈ തെരഞ്ഞെടുപ്പിലുണ്ടാക്കാന്‍ എന്‍.ഡി.എക്ക് സാധിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ 2015നെക്കാള്‍ വര്‍ധനവുണ്ടായെങ്കിലും ബ്ലോക്, ജില്ല പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാനായില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിന് തിരിച്ചടിയേറ്റതും ബി.ജെ.പിക്ക് കനത്ത ക്ഷീണമുണ്ടാക്കി.
ബി. ഗോപാലകൃഷ്ണന്, എസ്. സുരേഷ് തുടങ്ങിയ നേതാക്കളുടെ പരാജയവും തിരിച്ചടിയായി. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിച്ച് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് നല്‍കും. യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചുവെന്ന് കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു.