ബംഗളൂരു: ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. 2022 ജനുവരി 14 വരെയാണ് ഇപ്പോള്‍ ശിവന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവന്റെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. ഐഎസആര്‍ഒ ചെയര്‍മാന് കേന്ദ്രം സര്‍വ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

എ.എസ് കിരണ്‍ കുമാറിന്റെ പിന്‍ഗാമിയായാണ് തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ ശിവന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്‌ആര്‍ഓയുടെ തലവനായി ചുമതലയേറ്റത്. ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. 6 ഡി ട്രാജക്ടറി സിമുലേഷന്‍ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലും ശിവന്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

കന്യാകുമാരിയിലെ തരക്കന്‍വിളയില്‍ ജനിച്ച ശിവന്‍, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പട്ടിണിയും ദാരിദ്രവും കാരണം സഹോദരനും രണ്ടു സഹോദരിമാര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ പിതാവിന് സാധിച്ചിരുന്നില്ല. നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകള്‍ക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയില്‍നിന്ന് 1980ല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‌സിയില്‍ നിന്ന് 1982ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ പിഎച്ച്‌ഡിയും സ്വന്തമാക്കി.

വീട്ടിലെ സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ ഐഐടിയില്‍ ചേരുന്നത് വരെ സ്വന്തമായി പാന്റസോ ചെരുപ്പോ പോലും ഇല്ലായിരുന്നുവെന്ന് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മുണ്ട് ധരിച്ചാണ് കോളജില്‍ പോയ്‌ക്കോണ്ടിരുന്നത്. ചെരുപ്പ് വാങ്ങാന്‍ കര്‍ഷകനായ അച്ഛന് ത്രാണി ഇല്ലാതിരുന്നതിനാല്‍ നഗ്‌നപാദനായാണ് ഓരോ പടവും നടന്നുകയറിയത്.

താന്‍ ആദ്യമായി പാന്റ് ധരിക്കുന്നത് മദ്രാസ് ഐഐടിയില്‍ പഠനത്തിന് ചേര്‍ന്നപ്പോഴാണെന്ന് ശിവന്‍ ഓര്‍ക്കുന്നു. അച്ഛന്‍ കര്‍ഷകനായതിനാല്‍ കോളജ് സമയം കഴിഞ്ഞെത്തിയാല്‍ അദ്ദേഹത്തോടൊപ്പം കൃഷിപണിയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അവധിദിവസങ്ങളില്‍ അച്ഛനോടൊപ്പം എല്ലായിടത്തും പണിക്ക് പോകുന്നത് പതിവായിരുന്നു.

ജനനം തമിഴ്‌നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവന്‍ ജീവിച്ചത്. 1983 ല്‍ ഐഎസ്‌ആര്‍ഒയില്‍ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയല്‍ ഹരിശ്രീ റസിഡന്റ്‌സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാര്‍ഥ് എന്നിവരാണു മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here