കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ച കഴക്കൂട്ടത്ത് സംഘര്‍ഷം, പോലീസിന്റെ ചവിട്ടേറ്റ് സമരക്കാര്‍, ഉദ്യോഗസ്ഥര്‍ മടങ്ങി

തിരുവനന്തപുരം| ഒരിടവേളയ്ക്കുശേഷം പുനരാരംഭിച്ച സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. കഴക്കൂട്ടത്ത് കരിച്ചാറയില്‍ സമരക്കാരും പോലീസും തമ്മില്‍ കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ ഉദ്യോഗസ്ഥര്‍ കല്ലിടാതെ മടങ്ങി.

നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തി മടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണത്തിനായി പോലീസ് എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പോലീസുകാരന്‍ പ്രതിഷേധക്കാരെ ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉന്തിനും തള്ളിനും ഇടയിലാണ് പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കെ റെയില്‍ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടല്‍ പുനരാരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മുരുക്കുംപുഴയിലും പ്രതിഷേധം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here