കോഴിക്കോട്: കെ റെയില്‍ കല്ലിടുന്നതിനെതിരേ കല്ലായിയില്‍ വന്‍പ്രതിഷേധം. പ്രതിഷേധിച്ച നാട്ടുകാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതു മാറ്റി. പുരുഷ പോലീസുകാര്‍ ലാത്തികൊണ്ട് കുത്തിയതായി സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആരോപിച്ചു. കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പരിക്കേറ്റ ഒരു സ്ത്രീ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാര്‍ പിഴുതെറിഞ്ഞ ഒമ്പത് സര്‍വേക്കല്ലുകള്‍ പുന:സ്ഥാപിക്കാന്‍ പോലീസുകകാര് ശ്രമിച്ചതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തി. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയ കോട്ടയം മാടപ്പള്ളിയില്‍ യു.ഡി.എഫ് സംഘം സന്ദര്‍ശനം നടത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ്, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
മാടപ്പള്ളി വിഷയം നിയമസഭയുടെ ചോദ്യോത്തര വേള തടസ്സപ്പെടുത്തിക്കൊണ്ടു ഉന്നയിച്ച പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ചു. ഇറങ്ങിപ്പോക്കിനിടെ, ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ, അല്‍പ്പസമയം സമ്മേളനം നിര്‍ത്തി വയ്ക്കുകയും ചെയ്തു.