ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ. നാട്ടിലെ സാംസ്കാരിക നായകന്മാരെല്ലാം നിശബ്ദരാണെന്നും, സിപിഎമ്മിന്റെ അടിമകളായി അവര്‍ തീര്‍ന്നിരിക്കുന്നു എന്നും കെഎം ഷാജി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിലെ സാംസ്കാരിക നായകന്മാരെല്ലാം നിശബ്ദരാണ്. കുറേ തല്ലിപൊള്ളികള്, വൃത്തികെട്ടവന്മാര്. ഇന്നലെ ഞാന്‍ ഈ പ്രമുഖരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ നോക്കിയിരുന്നു. 21 വയസുള്ള ഒരു പുഷ്പത്തെ കൊന്നുകളഞ്ഞതില്‍ ആര്‍ക്കും പ്രതിഷേധമില്ല. ശാരദക്കുട്ടി എന്നുപറയുന്ന എഴുത്തുകാരിയുടെ പോസ്റ്റ് എന്തെന്ന് അറിയുമോ? കൊവിഡ് ആണ് സൂക്ഷിക്കണം. ഈ പാനൂരില്‍ കൊല്ലപ്പെട്ടവനെ കുറിച്ച് അവര്‍ക്കറിയില്ല.വേറൊരു എഴുത്തുകാരനുണ്ട്. ആടുജീവിതം എഴുതിയ ബെന്യാമിന്. ആടുജവിതം എഴുതിയ ബെന്യാമിന് ഇപ്പോള്‍ നയിക്കുന്നത് കഴുത ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം.
ചോരമണക്കുന്ന കാപാലികര്‍ക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്കാരിക നായകനെന്ന് വിളിക്കുന്നത് കെ.എം ഷാജി ചോദിച്ചു.
കെ.ആര് മീര ആരാച്ചാര്‍ എന്ന പുസ്തകമെഴുതിയ എഴുത്തുകാരിയാണത്രേ. ആ കെ.ആര് മീര എന്തിനാണ് കല്‍ക്കത്തയിലെ ആരാച്ചാരെ കുറിച്ച് എഴുതുന്നത്. പാനൂരില്‍ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങി ആടിയ മൃതശരീരം കണ്ടോ? ഒരു ആരാച്ചാര്‍ കെട്ടിത്തൂക്കിയതാണെന്നും കെ.എം ഷാജി പറഞ്ഞു.