കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കെ.കെ രമ. ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച്‌ രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കെ.കെ രമ നടത്തിയിരിക്കുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10 ന് രവീന്ദ്രനെ ഇഡി ചോദ്യചെയ്യാനിരിക്കെയാണ് രമയുടെ നിര്‍ണായക വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ രവീന്ദ്രനും ചന്ദ്രശേഖരനും സുഹൃത്തുക്കളായിരുന്നുവെന്നും പാര്‍ട്ടിയിലെ വിഭാഗീയത അവരുടെ സൗഹൃദത്തേയും ബാധിച്ചുവെന്ന് രമ പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചും രവീന്ദ്രന് അറിവുണ്ടായിരുന്നെന്ന് രമ പറഞ്ഞു. പിണറായി വിജയന്റെ അടുപ്പക്കാരനായ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. രവീന്ദ്രനില്‍ നിന്നും അന്വേഷണം വൈകാതെ പിണറായി വിജയനിലേക്ക് എത്തിച്ചേരുമെന്നും രമ പറയുന്നു. സിപിഎം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതെ ആയിരിക്കുകയാണെന്ന് രമ ആരോപിക്കുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാന്‍ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ കോവിഡ് പ്രശ്നമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. യുഡിഎഫും ആര്‍എംപിയും ഒരുമിച്ച്‌ നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്. ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ആര്‍എംപിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച്‌ ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here