ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.സി റാവുവിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസുമായി ബി.ജെ.പി നേതാവ് ജി. വിവേക് വെങ്കട്ടസ്വാമി. ദുബ്ബക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ പണം പിടിച്ചെടുത്തതില്‍ വെങ്കട്ടസ്വാമിയുടെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് കേസ്.
ദുബ്ബക ഉപതെരഞ്ഞെടുപ്പ് കാലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച ഒരു കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. കേസില്‍ തന്നെ ബന്ധിപ്പിക്കണമെന്നും വ്യാജമായി കേസെടുക്കണമെന്നും മുഖ്യമന്ത്രി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും വെങ്കട്ടസ്വാമി പറയുന്നു.
ഹൈദരാബാദ് നിസാമിനെ പോലെയാണ് റാവു പെരുമാറുന്നത്. തന്റെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പോലീസിനെ ദുരുപയോഗിക്കുന്നു. ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമമെന്നും വെങ്കട്ടസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയും കൊവിഡ്, പ്രളയ കാലത്ത് ഫാംഹൗസില്‍ അദ്ദേഹത്തിന്റെ ആഘോഷങ്ങളും പുറത്തുകൊണ്ടുവന്നതാണ് തന്നോടുള്ള വൈരാഗ്യത്തിനു കാരണമെന്നും വെങ്കട്ടസ്വാമി പറഞ്ഞു.
താനുമായിഒരു ബന്ധവുമില്ലാത്ത കേസിലേക്ക് റാവു തന്റെ പേര് വലിച്ചിഴച്ച് അപമാനം വരുത്തിവച്ചുവെന്നും അതിന്റെ പേരില്‍ താന്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തുവെന്നും വെങ്കട്ടസ്വാമി പറയുന്നു. ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് തന്നോട് മാപ്പുപറയണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതായും വെങ്കട്ടസ്വാമി വ്യക്തമാക്കി.