കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്കാന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്. ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന് പറഞ്ഞു. നോട്ടീസ് കിട്ടിയാല്‍ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.
സ്വപ്നയും സരിത്തും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉളളത്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണന് കസ്റ്റംസിന് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മൊഴിയെടുക്കുക. സ്പീക്കര്‍ അടക്കമുളളവരുടെ വിദേശയാത്രകളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ബാഗേജ് വിഷയത്തിലും ഹരികൃഷ്ണന്റെ മൊഴിയെടുക്കും.