അവസാന പ്രവര്‍ത്തി ദിനം, കീഴ്‌വഴക്കം പാലിച്ചാല്‍ ചെലമേശ്വര്‍ ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍

0

ഡല്‍ഹി: സുപ്രീം കോടതിയിലെ രണ്ടാമത്തെ സീനിയര്‍, ജ്‌സ്റ്റിസ് ചെലമേശ്വറിന് ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. അവസാന പ്രവര്‍ത്തി ദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാവുന്ന പതിവ് ചെലമേശ്വര്‍ തെറ്റിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കേസുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചില്‍ ചെലമേശ്വറിനെ ഉള്‍പ്പെടുത്തിയാണ്. എന്നാല്‍, ചീഫ് ജസ്റ്റിസുമായി കടുത്ത വിയോജിപ്പിലുള്ള ചെലമേശ്വര്‍ ഇതിനോട് യോജിക്കുമോയെന്ന് വ്യക്തമായിട്ടില്ല. വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പും നേരത്തെ ചെലമേശ്വര്‍ വേണ്ടെന്നുവച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിയില്‍ ചെലമേശ്വറിനൊപ്പം ഡി.വൈ ചന്ദ്രചൂഡും മൂന്നംഗ ബെഞ്ചിലുണ്ടാവും. രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാണ് സാധാരണ ചെലമേശ്വര്‍ ഇരിക്കാറുള്ളത്. വിരമിക്കല്‍ ദിവസത്തിലോ അല്ലെങ്കില്‍ അവസാന പ്രവൃത്തി ദിനത്തിലോ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനൊപ്പം അദ്ദേഹത്തിന്റെ ബെഞ്ചിലിരിക്കുന്ന പതിവ് സുപ്രിംകോടതിയിലുണ്ട്. ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ തിയതി അടുത്തമാസം 22നാണ്. വേനലവധിക്ക് സുപ്രിംകോടതി നാളെ മുതല്‍ ജൂലൈ രണ്ടുവരെ അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ നാളെയാണ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച ചെലമേശ്വര്‍ നേരത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നാണ് ചെലമേശ്വറിന് സുപ്രിംകോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചത്. ചെലമേശ്വറിന്റെ ഒഴിവില്‍ അഞ്ചംഗ കൊളീജിയത്തില്‍ സീനിയോരിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രിയാവും എത്തുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here