• Update
    • വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.
    • എസ്. വി. പ്രദീപിന്റെ അപകട മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പോലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലള്ള സംഘത്തിനാണ് ചുമതല നല്‍കിയത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം എത്രയും വേഗം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്ത് പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാമണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. തിരക്കുള്ള ജംഗ്ഷനിലാണ് സംഭവം നടന്നതെങ്കിലും ഇടിച്ച വാഹനത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

പ്രദീപ് ആക്ടീവ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയ വണ്‍, മംഗളം ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് നിലവില്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്താണ് പ്രവര്‍ത്തി വന്നിരുന്നത്. ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. പരിസരത്തുള്ള സി.സി.ടി.വി. ക്യാമറകള്‍ അടക്കം പരിശോധിച്ച് വാഹനത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെട്ട മംഗളം ചാനലിനെതിരായ ഹണി ട്രാപ്പ് കേസില്‍ പ്രതിയാണ് മരണപ്പെട്ട പ്രദീപ്. താന്‍ നിരപരാധിയാണെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുള്ള പ്രദീപ് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയുമായിരുന്നു. തിരക്കുള്ള ജംഗ്ഷനില്‍ വൈകുന്നേരം മൂന്നരയോടെ നടന്ന സംഭത്തില്‍ ഇടിച്ച വാഹനം അപ്രത്യക്ഷമായത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. അപകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ ചീഫ് എഡിറ്റര്‍മാരുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു. അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സംഘടനാ പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍, ട്രഷറര്‍ തങ്കച്ചന്‍ പാല തുടങ്ങിയവന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here