തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനമോടിച്ചത് യുവ ഐ.എഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് സ്ഥിരീകരിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സ്വകാര്യ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.

കേസില്‍ സുതാര്യമായ അന്വേഷണം നടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിരുന്നു. നിയമം അറിയാവുന്ന ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായ വിഴ്ചയില്‍ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒപ്പമുണ്ടായിരുന്ന യുവതിയും ദൃക്‌സാക്ഷികളും കാറോടിച്ചത് ശ്രീറാമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ശ്രീറാമിന്റെ സഹയാത്രികയായിരുന്ന വഫയുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തി. മദ്യപിച്ചിട്ടുണ്ടെന്നും വീട്ടിലേക്കു പോകാന്‍ വാഹനവുമായി എത്തണമെന്നും ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവേകാനന്ദ പാര്‍ക്കിനു സമീപം എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. കവടിയാര്‍ കഫേ കോഫി ഡേയുടെ മുന്നില്‍ എത്തിയപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അമിതവേഗത്തിലാണ് വാഹനമോടിച്ചതും അപകടപ്പെടമുണ്ടാക്കിയതും.

അപകടം നടക്കുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശ്രീറാമെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഇതിനു മുമ്പും അമിതവേഗത്തിന് പിഴ ശിക്ഷ നേരിട്ടിട്ടുണ്ട്. എന്നാല്‍ പിഴ ഒടുക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

വാഹനമോടിച്ചയാളിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഒത്തുകളിയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here