പാലാ: പാലായിൽ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞദിവസം പാലാ നഗരസഭയിൽ സി പി എം – ജോസ് വിഭാഗം നേതാക്കൾ ഏറ്റു മുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ജോസ് കെ മാണിക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജോസ് കെ മാണിയെ കുലംകുത്തിയെന്നാണ് പോസ്റ്ററുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തി ആണെന്നും പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഇത് ഓർക്കണമെന്നുമാണ് പോസ്റ്ററുകളിലെ അഭ്യർഥന. ‘ജോസ് കെ മാണി എന്ന കുലംകുത്തിയെ തിരിച്ചറിയുക. പോളിംഗ് ബൂത്തിൽ തിരിച്ചടി നൽകുക. സേവ് സി പി എം ഫോറം’ – എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾക്ക് സമീപമാണ് കൈയെഴുത്തിലുള്ള പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് സി പി എം ഫോറം എന്ന പേരിലാണ് പാലാ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം പാലാ നഗരസഭയിൽ സി പി എം – കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുന്നോട്ടു പോകുന്നതിന് ഇടയിൽ ആയിരുന്നു കല്ലുകടിയായി പാലാ നഗരസഭയിലെ സി പി എം – കേരള കോൺഗ്രസ് സംഘർഷം.

കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സി പി എം കൗൺസിലർ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. ഓട്ടോ സ്റ്റാൻഡ് അനുവദിക്കണമെന്ന ആവശ്യം ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ചതോടെ എതിർപ്പുമായി ബൈജു രംഗത്തു വരികയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് വഴി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here