വാഷിങ്ടൺ: സ്ഥാനാരോഹണത്തിനു പിന്നാലെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന 15 ഉത്തരവുകളിൽ ഒപ്പിട്ട് ബൈഡൻ. രണ്ടു മേഖലകളിൽ നടപടിയെടുക്കാൻ ഏജൻസികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡൻ ആദ്യദിനത്തിൽ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് ആദ്യദിനത്തിൽ കൈക്കൊണ്ടത്. ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം നൂറു ദിവസത്തേക്കു മുഖാവരണം നിർബന്ധം, മാർച്ച് 31വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മോറട്ടോറിയം, വിദ്യാർത്ഥി വായ്പകളുടെ ഭാരം ലഘൂകരിക്കും, മെക്സിക്കോ അതിർത്തിയിലെ മതിൽകെട്ടിന് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഞ്ചാരവിലക്കുകൾ അവസാനിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളാണ് ആദ്യ ദിനത്തിൽ ഉണ്ടായത്.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതടക്കമുള്ള ഭേദഗതികൾ അമേരിക്കൽ വരാനിരിക്കുകയാണ്. ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റത്. പരമ്പരാഗതമായി സ്ഥാനാരോഹണ ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടിൽ 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജിൽ ബൈഡൻ വഹിച്ച 117 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ തൊട്ട് ബൈഡൻ ഏറ്റുചൊല്ലി.