എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വി ഐയും ചേര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് പരാതി. ഇരുകമ്ബനികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോ ട്രായിക്ക് കത്ത് നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാരില്‍ നിന്ന് പോര്‍ട്ട് ഔട്ട് അപേക്ഷകള്‍ വരുന്നുണ്ട്. പോര്‍ട്ട് ചെയ്യാന്‍ വരുന്ന വരിക്കാര്‍ക്ക് പരാതികളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് ജിയോയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. ഇതിന്റെ ഏക കാരണം ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന എതിരാളികളുടെ ക്യാംപെയിന്‍ ആണെന്നും ടെലികോം റെഗുലേറ്ററിന് അയച്ച കത്തില്‍ ജിയോ കുറ്റപ്പെടുത്തി. ആരോഗ്യകരമായ മത്സരത്തിന് വിരുദ്ധമായാണ് ഈ രണ്ട് കമ്പനികളും പ്രവര്‍ത്തിക്കുന്നത് എന്നാണ് ജിയോയുടെ ആരോപണം. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്‍സിന് ആണെന്ന് എയര്‍ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു.

ഫരീദാബാദ്, ബഹദൂര്‍ഗഡ്, ചണ്ഡിഗഢ്, ഫിറോസ്പൂര്‍, എന്‍‌സി‌ആര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികള്‍ റിലയന്‍സ് ജിയോയില്‍ നിന്ന് പോര്‍ട്ട് ഔട്ട് ചെയ്യുന്നതിനു ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജിയോ സിം കാര്‍ഡുകളും ഫോണുകളും ഉള്‍പ്പെടെ റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന 50,000 ഓളം കര്‍ഷകരുടെ പിന്‍ബലത്തിലാണ് ഇത്.

ജിയോ മൊബൈല്‍ നമ്ബറുകള്‍ അവരുടെ നെറ്റ്‌വര്‍ക്കിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയാകുമെന്ന് മുന്‍‌കൂട്ടി അവകാശവാദം ഉന്നയിച്ച്‌ അവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്തയ്ക്ക് അയച്ച കത്തില്‍ ജിയോ പറഞ്ഞു. പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില്‍ ചിത്രങ്ങളും ഡിസംബര്‍ പത്തിന് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു. നേരത്തെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, എയര്‍ടെല്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ട്രായിക്ക് നല്‍കിയ ജിയോയുടെ പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കമ്പനി വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here