ഡല്‍ഹി: ഡിസംബര്‍ 7 ന് നടക്കാനിരിക്കുന്ന കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗം ബഹിഷ്കരിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് യോഗത്തില്‍ പങ്കെടുക്കില്ല. കര്‍ഷക സമരത്തില്‍ കാനഡയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്. പ്രക്ഷോഭം നടത്തുന്ന പിന്തുണയ്ക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് ഡല്‍ഹിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന് ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെട്ടു.
എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി കാനഡ നിലകൊള്ളുമെന്ന് ട്രൂഡോ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെയും ശ്രമങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പിന്മാറ്റം.
കര്‍ഷക സമരം സംബന്ധിച്ച വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും നടത്തിയ പരാമര്‍ശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്നാണ് വെള്ളിയാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചത്. ഇത്തരം പരാമര്ശങ്ങല് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാനിടയാക്കുമെന്ന മുന്നറിയിപ്പും നല്കി. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു.
.