ഇരിങ്ങാലക്കുടയിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കാൻ ജേക്കബ് തോമസ്

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻ്റി 20യുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നീക്കം പാളിയതിനു പിന്നാലെയാണ് ബീജെപി ചിഹ്നത്തിൽ മത്സരിക്കുന്ന വിവരം ജേക്കബ് തോമസ് തുറന്നു പറഞ്ഞത്.

അഴിമതി വിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കിയ ജേക്കബ് തോമസ് ബിജെപി നിലപാടുകളെ പിന്തുണച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ ന്യൂനപക്ഷ വോട്ടുകളും ബിജെപിയ്ക്ക് അനുകൂലമാകുമെന്നും ജേക്കബ് തോമസ് മാതൃഭൂമിയോടു പറഞ്ഞു. ദേശീയത ഉണ്ടാകുന്നതു നല്ലതാണെന്നും അത് ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ജേക്കബ് തോമസിൻ്റെ പ്രതികരണം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ എന്തുകൊണ്ട് ഇത് ആയിക്കൂടെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ അഴിമതി വിരുദ്ധ നിലപാട് എൽഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ലെന്നും പിന്നെ എൻഡിഎ മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയിൽ പോകുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തെന്നാണ് ജേക്കബ് തോമസ് പറയുന്നത്. സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ ജേക്കബ് തോമസ് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായോ പാര്‍ട്ടി ചിഹ്നത്തിലോ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മത്സരിക്കുമെന്ന് അദ്ദേഹം നേരിട്ട് സ്ഥിരീകരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുസമ്മതരായവരെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കുക എന്ന ബിജെപി തന്ത്രത്തിൻ്റെ ഭാഗമാണ് ജേക്കബ് തോമസിൻ്റെ സ്ഥാനാര്‍ഥിത്വം. മുൻ ഡിജിപിയായ ടിപി സെൻകുമാര്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here