നാലു വർഷമായി സംഭരിക്കാത്ത ജയ മലയാളികൾക്കായി ആന്ധ്രയിലെ കർഷകർ കൃഷി ചെയ്യും, സർക്കാർ കേരളത്തിലെത്തിക്കും

തിരുവനന്തപുരം | മലയാളികൾക്ക് പ്രീയങ്കരമായ ജയ അരി തരാൻ ആന്ധ്രയിൽ ഇല്ല. മലയാളികൾക്കായി പ്രത്യേകം കൃഷി ഇറക്കാൻ കർഷകരോട് ആന്ധ്രാ സർക്കാർ നിർദ്ദേശിക്കും. മാസങ്ങൾ എടുത്താലും സംഭരിച്ച് കേരളത്തിലെത്തിക്കാൻ ഇരു സർക്കാരുകളും തമ്മിൽ ധാരണയായി.

നിലവിലെ വിലക്കയറ്റം പരിഹരിക്കാൻ മറ്റിനങ്ങൾ സംഭരിച്ച് എത്തിക്കും. അരിക്കുപുറമേ കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവ ആന്ധ്രയിൽനിന്നെത്തിക്കാനാണ് ചർച്ചയിൽ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

പരമാവധി വില കുറച്ചുനൽകാമെന്ന് ആന്ധ്രാ ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവു വ്യക്തമാക്കി.. ജയ അരി ആന്ധ്രാ സർക്കാർ കർഷകരിൽനിന്ന്‌ നേരിട്ടുസംഭരിച്ച് അവിടത്തെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണിൽ സൂക്ഷിക്കും. സംയുക്തപരിശോധനയിലൂടെ ഗുണമേന്മ ഉറപ്പാക്കും. ഈ സീസണിൽ സംഭരിക്കുന്ന ഉത്പന്നങ്ങൾ ഡിസംബറോടെ കേരളത്തിലെത്തിക്കും.

സംസ്ഥാനത്ത് ഇപ്പോൾ കിട്ടുന്ന ജയ അരി കർണാടകയിൽനിന്നുള്ളതാണ്. ആന്ധ്രയിലേതാണ് ഗുണമേന്മയുള്ള ജയ അരി. ആവശ്യമുള്ളത്ര അരി നൽകാമെന്നാണ് ആന്ധ്രാസർക്കാരിന്റെ വാഗ്ദാനം. കർഷകർക്കുള്ള മിനിമം താങ്ങുവിലയും ഗതാഗതച്ചെലവും കണക്കാക്കി അന്തിമവില നിശ്ചയിക്കും. റെയിൽവേ വഴി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ റെയിൽവേ റാക്ക് പോയന്റുകളിൽ അരിയെത്തിക്കും. പ്രതിവർഷം 46,100 മെട്രിക് ടൺ അരി ലഭ്യമാക്കാനാണ് ധാരണ. ഇതിനായി സർക്കാരുകൾ ഉടൻ ധാരണാപത്രം ഒപ്പിടും.

ഗോദാവരി നദീതടത്തിൽ സമൃദ്ധമായി വിളയുന്ന ജയ അരി കഴിഞ്ഞ നാലുവർഷമായി എഫ്.സി.ഐ. സംഭരിക്കുന്നില്ല. വിലക്കയറ്റം തടയാൻ എട്ടു കിലോ അരി സ്പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ജി.ആർ. അനിൽ പറഞ്ഞു. ഏതു കാർഡുള്ളവർക്കും ഏതുവീട്ടുകാർക്കും ഈ അരി നൽകും. അതിൽ ചമ്പാവരി ഉൾപ്പെടെയുണ്ടെന്നും മന്ത്രി പറഞ്ഞു.

Jaya rice shortage and price hike

LEAVE A REPLY

Please enter your comment!
Please enter your name here