കന്യാസ്ത്രീകളെ തള്ളി കെസിബിസി, ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത, 19 ന് ഹാജരാകാന്‍ നോട്ടീസ്

0

തിരുവനന്തപുരം/മുംബൈ: സഹപ്രവര്‍ത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകളെ തള്ളിപറഞ്ഞ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍. ജലന്തര്‍ ബിഷപ്പ് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് മുംബൈ അതിരൂപതയും രംഗത്തെത്തി.
കേസില്‍ സെപ്റ്റംബര്‍ 19ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചെന്ന് ഐ ജി വിജയ് സാഖറെ സ്ഥിരീകരിച്ചു.

കന്യാസ്ത്രീകളുടെ സമരം അതിരു കടന്നതാണെന്നാണ് കെ.സി.ബി.സിയുടെ നിലപാട്. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കെ.സി.ബി.സി. ആരോപിച്ചു. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പോലീസ് അന്വേഷിക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടതെന്നും നിയമവാഴ്ച നടക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

ഫ്രാങ്കോ മളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം സഭയുടെ പ്രതിച്ഛായ തകര്‍ത്തെന്നും മുംബൈ ആര്‍ച്ച് ബിഷപ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. സ്ഥാനമാനങ്ങളില്‍ നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതിയിലെ അന്വേഷണ പുരോഗതികള്‍ വിശകലനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗ ശേഷമാണ് നോട്ടീസ് അയച്ചകാര്യം ഐ.ജി സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് സംബന്ധിച്ചുള്ള തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും കേസിലെ ചില വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സാഖറെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here