Update
- ശബ്ദം സ്വപ്നയുടേതാണെന്നും എന്നാല്‍ റെക്കോര്‍ഡ് ചെയ്തത് ജയിലില്‍ വച്ചല്ലെന്നും അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജി. അജയകുമാര്‍ വ്യക്തമാക്കി. ശബ്ദസന്ദേശം ജയിലില്‍ വച്ച് എടുത്തതല്ലെന്നും ജയിലിനു പുറത്തു സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. ശബ്ദം തന്റേതാണെന്ന് ഡി.ജെ.പി അജയകുമാറിനോട് അന്വേഷണത്തില്‍ സ്വപ്ന പറഞ്ഞിട്ടുണ്ട്. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്ന് സ്വപ്ന പറഞ്ഞെന്നും ഡി.ഐ.ജി. പറയുന്നു.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുനന സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും അങ്ങനെ ചെയ്താല്‍ മാപ്പുസാക്ഷിയാക്കാമെന്നു പറഞ്ഞുവെന്നുമുള്ള സ്വപ്നയുടെ ശബ്ദ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശിവശങ്കറിനൊപ്പം യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വിശദമായി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും ഒരു സ്വകാര്യ പോര്‍ട്ടല്‍ പുറത്തുവിട്ട ശബ്ദ സംഭാഷണത്തില്‍ സ്വപ്ന പറയുന്നുണ്ട്.
ജയിലില്‍ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകള്‍ അടക്കം നിരവധിപേര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചത് ഇന്നലെയാണ്. ഇത് അടിസ്ഥാന രഹിതമാണെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍ ഡി.ജി.പി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭാഷണം പുറത്തുവന്നത്. ശബ്ദസംഭാഷണം ചൂണ്ടിക്കാട്ടി സുരേന്ദ്രനും ഡി.ജി.പിക്ക് മറുപടിയുമായി രംഗത്തെത്തി. പിന്നാലെയാണ് ജയില്‍ വകുപ്പിന്റെ അന്വേഷണം.