തിരുവനന്തപുരം: കോവിഡ് 19 ല്‍ നിന്നും മുക്തി നേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57) നീണ്ട ആശുപത്രി വാസത്തിനുശേഷമാണ് തലസ്ഥാനത്തോട് വിട പറഞ്ഞത്.

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കും റോബര്‍ട്ടോ ടൊണോസോ മടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ യാത്രയാ്ക്കാനെത്തി.

കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് റോബര്‍ട്ടോ ടൊണോസോ. മാര്‍ച്ച് 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. സമ്പര്‍ക്കപട്ടിക തയാറാക്കുന്നതിന് അടക്കം വലിയ ബുദ്ധിമുട്ടാണ് അധികൃതര്‍ നേരിട്ടത്.

കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രയായത്.

മികച്ച ചികിത്സ നല്‍കിയ കേരളത്തിനും ആരോഗ്യ മേഖലയ്ക്കും നന്ദി പറയുന്നതായി റോബര്‍ട്ടോ ടൊണോസോ മന്ത്രി കെ.കെ. ശൈലജയുമായുള്ള വീഡിയോ കോളില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here