തപാൽ വോട്ടുകളിൽ ക്രമക്കേട്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരാതി നൽകി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി.

ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല മറിച്ച് സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർ മാരിൽ നിന്നും ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒരു മണ്ഡലത്തിൽ എത്ര പോസ്റ്റൽ ബാലറ്റുകൾ പ്രിന്റ് ചെയ്തു? 80 വയസിന് മുകളിലുള്ള എത്ര പേർക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റൽ ബാലറ്റ് നൽകി? ഇതിൽ എത്ര ബാലറ്റുകൾ സെർവ് ചെയ്തു? എത്ര എണ്ണം ബാലൻസ് ഉണ്ട്? ഓരോ മണ്ഡലത്തിലും എത്ര ദിവ്യാഗർക്ക് പോസ്റ്റൽ ബാലറ്റ് നൽകി? എത്ര കൊവിഡ് രോഗികൾക്ക് നൽകി? ബാക്കി വന്നവ എന്തു ചെയ്തു? എന്നീ ചോദ്യങ്ങളാണ് കത്തിലുണ്ടായിരുന്നത്.

സമാഹരിച്ച പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിം​ഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മീഷൻ ഉറപ്പ് വരുത്തണം.ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയെന്നും അദ്ദേഹം അറിയിച്ചു. തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നേരത്തെ വോട്ട് ചെയ്തവർക്കും തപാല്‍ വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവര്‍ക്ക് ഇപ്പോള്‍ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവരെ വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്‌ക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതായി ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here