തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങും. ബസിലെ പകുതി സീറ്റില്‍ മാത്രം യാത്രക്കാരെ അനുവദിച്ചുകൊണ്ട് സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. യാത്രാ നിരക്ക് 50% കൂട്ടാനാണ് ആലോചന.

എന്നാല്‍, അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള അനുമതി തല്‍ക്കാലം ഉണ്ടാകില്ല. കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ചാകും തീരുമാനം. ഹോട്ടലുകള്‍ തുറക്കാന്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വിളമ്പണമെന്ന നിര്‍ദേശമുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളുകളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്കുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരും.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കു വരുന്നവരുടെ നിയന്ത്രണം തുടരും. പാസില്‍ പറയുന്ന സമയത്ത് എത്തിയാലേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ. മാളുകളിലെ കടകള്‍ പകുതി വീതം തുറക്കാന്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here