ബാലിയിലെ സൂപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് പോയ രണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തു. തങ്ങളുടെ ഫോളോവേഴ്സിന് വേണ്ടി വിനോദത്തിനായി വീഡിയോ ഷൂട്ട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപ്പർമാർക്കറ്റിലേക്ക് പോയതെന്ന് ഇരുവരും പറഞ്ഞു.
എന്നാൽ, കോവിഡ് 19 നിയന്ത്രണങ്ങളെ മാനിക്കാതെ ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് അധികൃതർ ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാനാണ് സാധ്യത. വൈറലായി മാറിയ വീഡിയോയിൽ ജോഷ്പാലർ ലിൻ, ലിയാസെ എന്നിവർ ചേർന്ന് സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നത് കാണാം.
ആദ്യം രണ്ടാമത്തെയാൾ മാസ്ക് ധരിക്കാതെ പോകുന്നതിനാൽ ഗാർഡ് പിടിക്കുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നു. തുടർന്ന് ലിൻ നീല പെയിന്റ് ഉപയോഗിച്ച് സർജിക്കൽ മാസ്ക് ആണെന്ന് തോന്നുന്ന വിധത്തിൽ മുഖത്ത് മാസ്കിന്റെ ചിത്രം വരയ്ക്കുകയാണ് ചെയ്യുന്നത്. സംസാരിക്കാത്തിടത്തോളം നേരം അത് മാസ്ക് ആണെന്ന് തെറ്റിദ്ധരിക്കപ്പെടും. വരച്ച മാസ്കുമായി ചെന്നപ്പോൾ ഗാർഡ് അവരെ അകത്തേക്ക് പോകാൻ അനുവദിക്കുകയും ജീവനക്കാരെ കബളിപ്പിച്ചുകൊണ്ട് ഇരുവരും അകത്തേക്ക് കയറുകയും ചെയ്തു.
സംസാരിക്കരുത് എന്ന് ലിൻ ലിയാസെയോട് പറയുന്നതും വീഡിയോയിൽ കാണാം. ഈ തന്ത്രം വിജയിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സെ പിറുപിറുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് വീഡിയോയ്ക്കെതിരെ രംഗത്തെത്തിയത്. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് അവർ ചെയ്തതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. അതിനെ തുടർന്നാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബാലി അധികൃതർ ഇരുവരെയും തിരിച്ചയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ലിൻ തായ്വാൻ സ്വദേശിയും സെ റഷ്യക്കാരിയുമാണ്. ഇരുവരുടെയും പാസ്പോർട്ട് ഇതിനകം അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ ഇരുവരും ചേർന്ന് തങ്ങളുടെ പ്രവൃത്തിയുടെ പേരിൽ ഔപചാരികമായി അറ്റോർണിയുടെ സാന്നിധ്യത്തിൽ മാപ്പ് പറയുന്നുണ്ട്.
“ഞങ്ങൾ ഷൂട്ട് ചെയ്ത വീഡിയോയുടെ പേരിൽ മാപ്പ് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, എന്ന് അവർ വീഡിയോയിൽ പറയുന്നു. മാസ്ക് ധരിക്കുക ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ അനാദരിക്കാനല്ല വീഡിയോ ഷൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു.
“പൂർണമായും വിനോദത്തിന് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള ജോലിയുടെ ഭാഗമായാണ് അത് ചെയ്തത്. എന്നാൽ, ഈ വീഡിയോ നിരവധി പേരുടെ നെഗറ്റീവ് കമന്റുകൾക്ക് ഇടയാക്കുമെന്നോ ആളുകൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുമെന്നോ ഞാൻ തിരിച്ചറിഞ്ഞില്ല” എന്നും ലിൻ കൂട്ടിച്ചേർത്തു. ഇനി ഈ സംഭവം ആവർത്തിക്കില്ലെന്നും അവർ ഉറപ്പ് നൽകി.
ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട ഈ ദ്വീപിൽ കോവിഡ് 19 പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇതുവരെ 1.63 ദശലക്ഷം കോവിഡ് കേസുകളും 44,000 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.