62 പേരുമായി കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം


ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്നയുടന്‍ കാണാതായ വിമാനം തകര്‍ന്ന് വീണെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി സ്ഥിരീകരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ജീവനക്കാരുള്‍പ്പെടെ 62 പേര്‍ ഫ്ലൈറ്റ് എസ്‌ജെ 182 ല്‍ ഉണ്ടായിരുന്നതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കരിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ (12 മൈല്‍) അകലെയുള്ള ലക്കി ദ്വീപിനടുത്താണ് വിമാനം തകര്‍ന്നതെന്ന് ഡിറ്റിക് ഡോട്ട് കോം വെബ്‌സൈറ്റ് അദ്ദേഹത്തെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അപകട കാരണം ഇപ്പോഴും വ്യക്തമല്ല.

‘ശ്രീവിജയ എയര്‍ എസ്‌ജെ 182 തകര്‍ന്നതിനുശേഷം’ ഇരകളെ തിരയുന്നതിനായി ഒരു ടീമിനെ തൗസന്‍ഡ് ദ്വീപുകളിലേക്ക് അയക്കുമെന്ന് റെസ്ക്യൂ ഏജന്‍സി ബസാര്‍നാസ് പ്രസ്താവനയില്‍ പറഞ്ഞു. കാണാതായ ഇന്തോനേഷ്യന്‍ യാത്രാ വിമാനത്തിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി തിരച്ചില്‍ സംഘങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ ന‌ടത്തിയ തെരച്ചിലിനിടെയാണ് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങല്‍ കണ്ടെടുത്തത്. ജക്കാര്‍ത്ത തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന ദ്വീപ് ശൃംഖലയായ തൗസന്‍ഡ് ദ്വീപുകള്‍ക്ക് ചുറ്റുമായിരിക്കും വിമാനം തകര്‍ന്ന് വീണിരിക്കുക എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജക്കാര്‍ത്തയുടെ വടക്കുഭാഗത്തുള്ള സമുദ്രത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ബസാര്‍നാസ് റെസ്ക്യൂ ഏജന്‍സി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജക്കാര്‍ത്തയ്ക്ക് വടക്ക് ദ്വീപുകളുടെ ഒരു ശൃംഖലയായ തൗസന്‍ഡ് ദ്വീപുകളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മത്സ്യത്തൊഴിലാളികള്‍ ഒരു വിമാനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ലോഹ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

അതേസമയം, വിമാനം തകരാനുണ്ടായ കാരണം എന്തെന്ന് പ്രതികരിക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇന്തോനേഷ്യയില്‍ ശനിയാഴ്ച പ്രശ്നകരമായ കാലാവസ്ഥയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജക്കാര്‍ത്തയുടെ വടക്കുഭാഗത്തുള്ള ജാവ കടലിനു മുകളിലുള്ള ഉപഗ്രഹ ദൃശ്യങ്ങള്‍, വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ട സ്ഥലത്തെ ശ്രദ്ധേയമായ കാലാവസ്ഥാ ആശങ്കകളൊന്നും കാണിക്കുന്നില്ല. വിശാലമായ പ്രദേശത്ത് ചില ഇടിമിന്നലുകള്‍ ഉണ്ടെങ്കിലും, അത്തരം കാലാവസ്ഥ പ്രദേശത്ത് സാധാരണമാണ്. ജക്കാര്‍ത്തയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോയിങ് പ്രസ്താവനയില്‍ പറഞ്ഞു. “കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.”- പ്രസ്താവനയില്‍ പറയുന്നു. ഇന്തോനേഷ്യയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here