ഇന്ദിരാനഗറിലെ ഗുണ്ട’; ക്രിക്കറ്റിലെ ‘ജെന്‍റില്‍മാൻ’ രാഹുൽ ദ്രാവിഡിന്‍റെ പുതിയ അവതാരം കണ്ട് ഞെട്ടി ആരാധകർ

ക്രിക്കറ്റിലെ ‘ജെന്‍റിൽമാൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്‍റെ പുതിയ ‘അവതാരം’കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. രാഹുലിന്‍റെ മറ്റൊരു വശം ആരാധകർക്ക് മുന്നിൽ തുറന്നു കാട്ടിയ ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് ആപ്പായ ക്രെഡിന്‍റെ ഒരു പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്രിക്കറ്റിലെ ജെന്‍റിൽമാന്‍റെ തീർത്തും വിപരീതമായ അവതാരമായാണ് ദ്രാവിഡ് പരസ്യത്തിലെത്തുന്നത്.

ബംഗളൂരുവില്‍ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി സഹികെട്ട് ദേഷ്യത്തിൽ ബഹളം കൂട്ടുന്ന ദ്രാവിഡിനെയാണ് പരസ്യത്തിൽ കാണാനെത്തുക. കാറിന്‍റെ സൈഡ് മിറർ ബാറ്റ് കൊണ്ട് തല്ലിപ്പൊട്ടിച്ചും അരിശം തീർക്കുന്നുണ്ട്. ‘ഇന്ദിരാനഗർ കാ ഗുണ്ടാ ഹൂം മെം'( ഞാൻ ഇന്ദിരാനഗറിലെ ഗുണ്ടയാണ്) എന്ന് കാറിന്‍റെ സൺറൂഫിലൂടെ പുറത്തെത്തി വിളിച്ചു കൂവുന്നുമുണ്ട്. ഗ്രൗണ്ടിലെ സമാധാനപ്രേമിയായ മുൻ ക്രിക്കറ്റ് താരത്തിന്‍റെ ഇതുവരെ കാണാത്ത വശം ആരാധകർ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു.

ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ്, ഫുട്ബോൾ ക്ലബായ ബംഗളൂരു എഫ്സി, ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അടക്കം ദ്രാവിഡിന്‍റെ പുതിയ അവതാരത്തിൽ ഞെട്ടി രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ട്രോളുകളും മീമുകളും വൈറലാവുകയും ചെയ്തു.

‘രാഹുല്‍ ഭായിയുടെ ഇങ്ങനെയൊരു വശം ഇതുവരെ കണ്ടിട്ടില്ല’ എന്നാണ് പരസ്യം പങ്കുവച്ച് വിരാട് കോഹ്ലി കുറിച്ചത്.

രാഹുൽ ദ്രാവിഡിന്‍റെ മികച്ച ചില പ്രകടനങ്ങൾ എന്നായിരുന്നു രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്ഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here