ന്യൂഡല്‍ഹി: ഉക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതു വേഗത്തിലാക്കാന്‍ ഓപ്പറേഷന് ഗംഗ വിപുലപ്പെടുത്തും. സംഘര്‍ഷ മേഖലയിലുള്ളവരെ ഒഴിപ്പിക്കുന്നതിനുള്ള ആസൂത്രണം പുരോഗമിക്കുകയാണെന്നു വിദേശകാര്യ സെക്രട്ടി വ്യക്തമാക്കി. ഏഴു വിമാനങ്ങള്‍ കൂടി ഉക്രെയിനില്‍ നിന്നും സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയ്ക്കു പുറമേ ഇന്‍ഡിയോയും രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കും.
ഓപ്പറേഷന് ഗംഗയിലൂടെ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹര്‍ഷ് വര്ധന് പറഞ്ഞു. ഇതുവരെ രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ ഉക്രെയിന് അതിര്‍ത്തി കടന്നു. പോളണ്ട് അതിര്‍ത്തിയില്‍ ലക്ഷകണക്കിനു ആളുള്‍ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യക്കാര്‍ക്കായി കീവില്‍ നിന്നു അതിര്‍ത്തികളിലേക്കു പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പോളണ്ടിലേക്കു കടക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു വിസ വേണ്ടെന്നു പോളണ്ട് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയെയും ഉക്രെയിനെയും ഇന്ത്യക്കാറുള്ള സ്ഥലങ്ങളെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ട്. പോളണ്ട് അതിര്‍ത്തിയില്‍ എത്തുന്നതിനേക്കാള്‍ നല്ലത് ഹംഗറി, റുമാനിയ അതിര്‍ത്തിയില്‍ എത്തുന്നതാണെന്ന് വിദേശ സെക്രട്ടറി വ്യക്തമാക്കി. കാര്‍ഖിവ്, സുമി, ഒഡേസ മേഖലയില്‍ ഉള്ളവര്‍ താമസസ്ഥലങ്ങളില്‍ തന്നെ തങ്ങണം. ഒഡേസയില്‍ ഉള്ളവരെ മള്‍ഡോവ വഴി ഒഴിപ്പിക്കും. റഷ്യന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ അയയ്ക്കാനും തീരുമാനമായി. അനുവാദം കിട്ടിയാല്‍ ഒഴിപ്പിക്കലിന് തയ്യാറെടുപ്പ് നടത്തും. യുക്രൈന് സൈനികരുടെ പെരുമാറ്റം അടക്കമുള്ള വിഷയങ്ങള്‍ യുക്രൈന് അംബാസഡറുമായി ചര്‍ച്ച ചെയ്തെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
യുക്രൈനിലെ സുമിയിലും കാര്‍ഖീവിലും സര്‍ഫ്രോസിയിലും കീവിലും കഴിയുന്നവരെ തത്കാലം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകുന്നതിന് അനുവാദം കിട്ടിയാല്‍ സുമിയിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തില്‍ യുക്രൈന് കടക്കാനാവും. നരേന്ദ്ര മോദിയും വ്ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള സംഭാഷണത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് സൂചന. വിദേശകാര്യ മന്ത്രി തലത്തില്‍ ആശയ വിനിമയം തുടരുമെന്നാണ് തീരുമാനിച്ചത്. അതിര്‍ത്തി തുറക്കാന്‍ റഷ്യ ഇനിയും തയ്യാറായിട്ടില്ല. സൈനിക നടപടി ശക്തിപ്പെടുത്തും എന്നാണ് റഷ്യയുടെ ഭാഗത്ത് നിന്നുള്ള സൂചന. കിഴക്കന്‍ മേഖല വഴിയാകും പ്രധാനമായും സൈനിക നീക്കം. അതിനെ ബാധിക്കുന്ന ഒന്നും അനുവദിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.
ട്രെയിന്‍ യാത്ര സുരക്ഷിതം എന്നാണ് എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലും പറയുന്നത്. സംഘര്‍ഷ മേഖലയില്‍ ഉള്ളവര്‍ സംഘങ്ങളായി സുരക്ഷിതമായി റെയില്‍വെ സ്റ്റേഷനുകളില്‍ എത്തണം. ഇവിടെ നിന്ന് ട്രെയിനുകളില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്താനാണ് നിര്‍ദ്ദേശം. വിസയില്ലാതെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പോളണ്ട് വ്യക്തമാക്കിയിരുന്നു.