ഡല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ ചൈന ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തില്‍ ചൈനയുടെ 20 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് സംഘര്‍ഷം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്ത്യന്‍ ഭാഗത്ത് നാലു സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു.
സംഘര്‍ഷ മേഖലകളില്‍ ഒന്നാണ് നാകുലയും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ വിധത്തില്‍ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല..