ഓപ്പറേഷന്‍ ഗംഗ: ഒഴിപ്പിക്കല്‍ സങ്കീര്‍ണ്ണം, അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ ജീവന്‍ പണയം വച്ച് യാത്ര ചെയ്യേണ്ട സ്ഥിതി, വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഉക്രെയിന്റെ പല മേഖലകളിലും റഷ്യന്‍ ആക്രമണം രൂക്ഷമാണ്. നിലവിലെ താമസസ്ഥലത്തുനിന്നു അതിര്‍ത്തികളിലേക്ക് എത്തിച്ചേരണമെങ്കില്‍ സാഹസിക യാത്രയിലൂടെയോ സാധിക്കൂ. മലയാളി വിദ്യാര്‍തഥികള്‍ അടക്കമുള്ളവര്‍ ജീവന്‍ പണയം വച്ചാണ് അവിടെ നിന്നു രക്ഷപെടുന്നത്.

പൂര്‍ണ്ണമായ ഒഴിപ്പിക്കല്‍ സാധ്യമാകണമെങ്കില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരണം. അല്ലെങ്കില്‍ ഹര്‍കിവില്‍ അടക്കമുള്ളവര്‍ക്ക് പുറത്തു കടക്കാന്‍ റഷ്യന്‍ അതിര്‍ത്തികള്‍ തുറന്നു കിട്ടണം. മറ്റു ജില്ലകളിലുള്ളവരെ അതിര്‍ത്തികളിലെത്തിക്കാന്‍ ഉക്രെയിന്‍ സര്‍ക്കാര്‍ സഹായിക്കണം. ഇതിനൊക്കെയുള്ള ശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍തന്നെ, ലഭ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് മുന്നേറുന്നത്.

മോസ്‌കോയില ഇന്ത്യന്‍ എംബസി സംഘം ഹര്‍കീവിനടുത്തുള്ള ഉക്രെയിന്‍ അതിര്‍ത്തിയിലേക്കു തിരിച്ചിട്ടുണ്ട്. സി17 വിമാനം ബുധനാഴ്ച റുമാനിയയിലേക്കു പുറപ്പെട്ടു. അധികൃതര്‍ അനുവദിച്ച സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ നാലാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായ കര്‍ണാകട സ്വദേശി കൊല്ലപ്പെട്ടത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഉക്രെയിന്‍ അതിര്‍ത്തിയിലെത്തുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കുകയാണ്. ഹാര്‍കിവില്‍ നിന്നു ജനങ്ങളെ ഒഴിപ്പിക്കാന്‍ അതിര്‍ത്തിയിലേക്കു പ്രത്യേക തീവണ്ടികള്‍ സജീകരിച്ചു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ അതിര്‍ത്തികളിലേക്കാണ് തീവണ്ടികള്‍ ഓടിക്കുന്നത്. എന്നാല്‍, സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്നതോ തീവണ്ടികളില്‍ ഒരു സീറ്റു ലഭിക്കുന്നതോ അത്ര എളുപ്പമല്ലെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആദ്യ മുന്നറിയിപ്പു നല്‍കിയ സമയത്ത ഉക്രെയിനില്‍ ഏതാണ്ട് 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ 60 ശതമാനത്തോളം പേര്‍ ഉക്രെയിന്‍ വിട്ടു. ഹര്‍കീവ്, സുമി മേഖലകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here