ഡല്‍ഹി : കാലാവസ്ഥ സൃഷ്ടിക്കുന്ന വിഷമതകള്‍ക്കിടയിലും അതിര്‍ത്തികാക്കുന്ന സൈനികര്‍ക്കായി വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. ഹീറ്റിംഗ് ഉപകരണങ്ങളും, മഞ്ഞുരുക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളുള്‍പ്പെടെയാണ് നിര്‍മ്മിക്കുക. ഡിആര്‍ഡിഒ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സ് ഡയറക്ടര്‍ ഡോ. രാജീവ് വര്‍ഷണേയ് ആണ് ഇക്കാര്യം അറിയിച്ചത്.


ഹിമപാതക് എന്ന പേരിലാണ് ഡിആര്‍ഡിഒ ഹീറ്റിംഗ് ഡിവൈസ് നിര്‍മ്മിക്കുന്നത്. ലഡാക്ക്, സിയാച്ചിന്‍, തുടങ്ങി ഉയര്‍ന്ന മലനിരകളില്‍ വിന്യസിച്ച സൈനികര്‍ക്ക് വേണ്ടിയാണ് ഹിമപാതക് നിര്‍മ്മിക്കുന്നത്. ഇതിനായി കരസേന ഏകദേശം 420 കോടി രൂപയുടെ ഓര്‍ഡര്‍ ഡിആര്‍ഡിഒയ്ക്ക് നല്‍കിയിട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ 50,000 ലധികം സൈനികരാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. കൊടും തണുപ്പിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സൈനികര്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ ഹിമപാതക് വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍.

മഞ്ഞുരുക്കുന്നതിനായി വികസിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക് ബുക്കാരി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതിര്‍ത്തികളിലെ സൈനിക പോയിന്റുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുവഴി പ്രതിവര്‍ഷം 3,650 കോടി ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ ശക്താമയ കാറ്റിനെ പ്രതിരോധിക്കുന്നതിനായുള്ള ഉപകരണങ്ങളും ഡിആര്‍ഡിഒ നിര്‍മ്മിക്കും. തണുപ്പുകാലത്തുണ്ടാകുന്ന പരിക്കുകള്‍ നീക്കി പ്രതിരോധ ശക്തി വീണ്ടെടുക്കുന്നതിനായി അലോക്കല്‍ ക്രീമുകള്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here