ഡൽഹി: നാഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതിനിടെ കശ്മീരിലെ നൗഷേരയിൽ പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

തുടർച്ചയായ വെടിനിർത്തല്‍ കരാർ ലംഘനങ്ങളുടെ മറവിലൂടെ പാകിസ്താന്‍, ഭീകരരെ നുഴഞ്ഞു കയറ്റത്തിന് പിന്തുണക്കുന്നു എന്നാണ് കണ്ടെത്തല്‍. വ്യാഴാഴ്ച നഗ്രോട്ട ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരരും ഇത്തരത്തില്‍ സാമ്പ വഴി എത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഭീകരരില്‍ നിന്നും കണ്ടെടുത്ത ഫോണ്‍, ജി.പി.എസ്, വയർലെസ് സെറ്റ് , മരുന്നുകള്‍ എന്നിവയില്‍ നിന്നും പാക് ബന്ധം വ്യക്തമായിട്ടുണ്ട്. ഇതിനിടെ നൌഷേറയിലുണ്ടായ പാക് വെടിനിർത്തല്‍ കരാർ ലംഘനത്തില്‍ സൈനികന്‍ വീരമ്യത്യു വരിച്ചു.

ഈ സാഹചര്യത്തിലാണ് പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചത്. ദേശസുരക്ഷയില്‍ വിട്ടു വീഴ്ചയില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നഗ്രോട്ടയിൽ ഏറ്റുമുട്ടലിന് മുന്‍പ് രക്ഷപ്പെട്ട, ഭീകരർ സഞ്ചരിച്ചിരുന്ന ട്രക്കിന്‍റെ ഡ്രൈവർക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാളെ കുറിച്ചുള്ള പൂർണ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് എന്‍.ഐ.എ പരിശോധന നടത്തി തെളിവുകളും വിവരങ്ങളും ശേഖരിച്ചിരുന്നു. ജമ്മുകശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ഭീകരർ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ക്കിടെ വ്യാഴാഴ്ച പുലർച്ചെ 5 മണിക്കാണ് ജമ്മു ബാന്‍ ടോള്‍ പ്ലാസയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here