ഇസ്ലാമാബാദ്/ഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇരു രാജ്യങ്ങളുടെയും ഓരോ വിമാനങ്ങള്‍ തകര്‍ക്കപ്പെടുകയും സംഘര്‍ഷം മൂര്‍ച്ഛിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.

പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമുള്ള കാര്യമല്ല. അതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കും സഹകരണത്തിനും പാകിസ്ഥാന്‍ തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാന്‍ഖാന്‍ വിശദീകരിക്കുന്നു.

അതേസമയം, പാകിസ്താന്റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യ രംഗത്തെത്തി. അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here