ചൈനയ്ക്കുള്ള ‘പണി’ തുടരും

അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 43 മൊബെല്‍ ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യയില്‍ നിരോധിച്ചു. പിന്നാലെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയിലും ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയതും ചൈനീസ് കമ്പനികള്‍ക്ക് കടുത്ത ആഘാതമാകുകയാണ്.

ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്ലിക്കേഷന്‍ അലിഎക്‌സ്പ്രസ്സ്, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ സ്‌നാക്ക് വീഡിയോ, ബിസിനസ് കാര്‍ഡ് റീഡര്‍ കാംകാര്‍ഡ് എന്നിവയുള്‍പ്പെടെ 43 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിരോധിച്ചത്. വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുള്ളതാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.

ജനപ്രിയ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി, ബൈഡു എന്നിവയുള്‍പ്പെടെ 118 അപ്ലിക്കേഷനുകള്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് നിരോധിച്ചിരുന്നു. പുതിയ നിരോധനം കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നിരോധിച്ച ആകെ ചൈനീസ് ആപ്ലിക്കേഷനുകളുടെ എണ്ണം 267 ആയി. നല്‍കുന്ന സേവനവുമായി ബന്ധമില്ലാത്ത ആപ്പുകള്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്നൂവെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

ചൈനയില്‍ നിന്നുളള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ഗുണനിലവാരത്തിനുളള മാനദണ്ഡങ്ങള്‍ ഇന്ത്യ കര്‍ശനമാക്കിയതോടെ ഷവോമി അടക്കമുളള മറ്റ് പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുക ദുഷ്‌കരമാകും. ചൈനയില്‍ നിന്നുമെത്തുന്ന ആപ്പിള്‍ ഐ ഫോണിന്റെ വരവും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്പ് ടോപുകള്‍, ടിവി എന്നിങ്ങനെയുള്ളവയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. ഗുണനിലവാരം കുറവായതിനാല്‍ വിലയിലും നല്ല കുറവുനല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നു. ഇനി ഗുണനിലവാരം ഉറപ്പാക്കിമാത്രമേ ചൈനീസ് കമ്പനികള്‍ക്ക് മുന്നോട്ടുപോകാനാകൂ. ചൈനയില്‍ നിന്നുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുളള ചട്ടങ്ങളും കര്‍ശനമാക്കിയതോടെ, ഇന്ത്യ ഉറപ്പിച്ചുതന്നെ മുന്നോട്ടുപോകുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here