ഡൽഹി: റിപബ്ലിക് ടിവി തലവൻ്റെ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തായതിനു പിന്നാലെ ബാലകോട്ട് വ്യോമാക്രമണം സംബന്ധിച്ച അര്‍ണബിൻ്റെ വിവാദ സന്ദേശങ്ങള്‍ ആയുധമാക്കി പാകിസ്ഥാൻ. ഇന്ത്യൻ വ്യോമസേന ബാലകോട്ടിലെ ഭീകര ക്യാംപ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അര്‍ണബിന് ദിവസങ്ങള്‍ക്കു മുൻപേ അറിവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുൻ സിഇഓ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള ചാറ്റ്.
ബാലകോട് വ്യോമാക്രണം മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് നടത്തിയതാണെന്ന് 2019ൽ തന്നെ താൻ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പറഞ്ഞിരുന്നുവെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പ്രതികരണം. ഇന്ത്യൻ സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അര്‍ണബ് ഗോസ്വാമിയുടെ ചാറ്റിൽ നിന്ന് വ്യക്തമാകുന്നതെന്ന് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം ബാലകോട്ടിലെ പ്രശ്നം എങ്ങനെയാണ് തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചതെന്ന് 2019ൽ ഞാൻ യുഎൻ പൊതുസഭയിൽ പറഞ്ഞിരുന്നതാണ്. യുദ്ധക്കൊതിയനായ ഒരു ഇന്ത്യൻ മാധ്യമപ്രവര്ത്തകിൻ്റെ സന്ദേശങ്ങള്‍ തുറന്നു കാണിക്കുന്നത് മോദി സര്‍ക്കാരും ഇന്ത്യൻ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്.” ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
2019 ഫെബ്രുവരി 26നാണ് ഇന്ത്യൻ വ്യോമസേന ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാംപ് ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഫെബ്രുവരി 14ന് പുൽവാമയിൽ ഇന്ത്യൻ സൈനികരെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയതിനുള്ള മറുപടിയായിരുന്നു ബാലകോട്ട് ഭീകരാക്രമണം.
എന്നാൽ ഫെബ്രുവരി 23ന് അര്‍ണബ് ഗോസ്വാമിയും ബാര്‍ക് തലവനും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റിലാണ് ബാലകോട്ട് വ്യോമാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്ളത്. “വലിയൊരു സംഭവം” ഉണ്ടാകുമെന്നും “സാധാരണ ആക്രമണത്തെക്കാള്‍ വലുതായിരിക്കുമെന്നും” ആയിരുന്നു മൂന്ന് ദിവസം മുൻപേ അര്‍ണബിൻ്റെ സന്ദേശങ്ങള്‍.