ഇസ്ലാമാബാദ് | അര്‍ദ്ധരാത്രി കഴിഞ്ഞു നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ പാകിസ്താനില്‍ സര്‍ക്കാര്‍ വീണു. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്ക് ഇമ്രാന് ഖാനെ(69)തിരായ അവിശ്വാസപ്രമേയം പാസായി.
വോട്ടെടുപ്പിനു തൊട്ടുമുമ്പ് നാഷണല്‍ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികള്‍ പുര്‍ത്തിയാക്കിയത്. പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് (70) പുതിയ പ്രധാനമന്ത്രിയായി തിങ്കളാഴ്ച അധികാരമേറ്റേക്കും.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന് ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് 12.45 ഓടെ വോട്ടെടുപ്പിനു കളമൊരുങ്ങിയത്.
അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇമ്രാന് ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കി, വിമാനത്താവളങ്ങളില്‍ ജാഗ്രതയും നിരീക്ഷണ സുരക്ഷയും ഏര്‍പ്പെടുത്തി.
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.