- News Update
- എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയാണ് മണിക്കൂറുകളായി പെയ്യുന്നത്. രാത്രിയില്‍ മഴ കനത്തതോടെയാണ് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായത്. എം.ജി. റോഡ്, കല്ലൂര്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കടകളിലേക്കു വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പിച്ചു. കൊയിലാണ്ടി ദേശീയപാതയില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
കേരളത്തിനു മുകളിലും സമീപത്തുമായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യൂനമര്‍ദ പാത്തിയും നിലനില്ക്കുന്നതിന്റെ ഫലമാണിത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ അതുതുടരുന്നതിനാല് താഴ്്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള് മലലോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. 21 വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍, തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കിയിട്ടുണ്ട്.