രോഗികളുടെ ശ്രദ്ധയ്ക്ക്: ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി

0

തിരുവനന്തപുരം/ഡല്‍ഹി: ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. കേരളത്തില്‍ പണിമുടക്കുന്ന ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് രാജ്ഭവനു മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും.

അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവര്‍ത്തിക്കില്ല. ഐ സി യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ഒ പി മുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. അതേസമയം ആര്‍ സി സി യില്‍ സമരം ഉണ്ടാകില്ല.സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

ബംഗാളില്‍ ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാം. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ചയെന്ന ഉപാധിയാണ് സമരക്കാര്‍ വച്ചിരുന്നു. ഉപാധിക്ക് മമത തയാറായാല്‍ ഇന്ന് ചര്‍ച്ച നടന്നേക്കും.

ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here