മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കസ്റ്റഡി അപേക്ഷയും തള്ളിയ കോടതി വിജിലൻസിന്റെ ചോദ്യംചെയ്യലിന് കർശനവ്യവസ്ഥ ഏർപ്പെടുത്തി. തിങ്കളാഴ്ച ഒരു ദിവസം മാത്രം ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ പന്ത്രണ്ട് വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് അഞ്ച് വരെയും മാത്രം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി. ഓരോ മണിക്കൂർ കഴിയുമ്പോഴും പതിനഞ്ച് മിനിറ്റ് ഇടവേള അനുവദിക്കണം. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കരുത്.ചികിൽസ തടസപ്പെടുത്തുകയും അരുതെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ് ആശുപത്രി അധികൃതർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.

പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇപ്പോൾ ചികിൽസയിലുള്ള ആശുപത്രിയിൽനിന്ന് മാറ്റരുതെന്ന് കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസം റിപ്പോർട് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഇബ്രാഹിംകുഞ്ഞ് നിലവിൽ ചികിൽസയിൽ കഴിയുന്ന ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കസ്റ്റഡി അപേക്ഷ തള്ളിയ കോടതി കർശനവ്യവസ്ഥയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here