വിജിലന്‍സ് ഡയറക്ടര്‍ തൊഴുത്തില്‍ കെട്ടിയ പശു: പ്രതിപക്ഷം

0
3

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ക്കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഐ.എസ്.എസ്.-ഐ.പി.എസ്. തര്‍ക്കം മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശന്റെയാണ് പരാമര്‍ശം.

കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കി നിന്നു. രഹസ്യ സ്വഭാവമുള്ള ഫയലിലെ വിവരങ്ങള്‍ പോലും പരാതിയില്‍ ഉന്നയിക്കുന്ന പായിച്ചിറ നവാസ് ആരാണെന്ന് അന്വേഷിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതിനു ചില പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ വേണമെന്നാണ് കോടതി പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് ഫയല്‍ നീക്കത്തില്‍ മന്ദത ഉണ്ടായിരുന്നുവെന്നും അതുമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതു മാസത്തിനിടെ, തന്റെ പരിഗണനയ്ക്കു വന്ന 18,000 ഫയലുകളില്‍ 200 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കീഴിലുള്ള ഉദ്യോഗസ്ഥര സംരക്ഷിക്കും. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും അതു ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here