തിരുവനന്തപുരം: അനുദിനം ഇന്ധനവില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെ സംസ്ഥാനത്ത് ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കാനൊരുക്കി സര്‍ക്കാര്‍. അടുത്ത വര്‍ഷം പകുതിയോടെ കേരളത്തില്‍ ഹൈഡ്രജന്‍ ബസിന്റെ ആദ്യ സര്‍വീസ് തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ആയിരിക്കും പൈലറ്റ് അടിസ്ഥാനത്തില്‍ ബസ് സര്‍വീസ് നടത്തുക. ഒക്ടോബറോടെ 50 ബസുകള്‍ കൂടി നിരത്തിലിറക്കും.
മലിനീകരണമില്ല
തീര്‍ത്തും പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമാണ് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍. ഈ ബസുകള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഒഫ് ഇന്ത്യയുടെ അംഗീകാരം കാത്തിരിക്കുകയാണ്. ബസുകള്‍ക്ക് നിക്ഷേപം കൂടുതലായതിനാല്‍ തന്നെ പ്രതിദിനം 500 കിലോമീറ്റര്‍ സര്‍വീസ് നടത്തേണ്ടിവരും. കൊച്ചി റിഫൈനറീസ് ലിമിറ്റഡിന് കീഴില്‍ ബി.പി.സി.എല്‍ ആണ് ഹൈഡ്രജന്‍ വിതരണം ചെയ്യുക. ഈ ഹൈഡ്രജന്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. ബി.പി.സി.എല്‍നെ കൂടാതെ അനര്‍ട്ടും ബസുകള്‍ക്ക് വേണ്ട ഹൈഡ്രജന്‍ ഉല്പാദിപ്പിക്കും. ഇതിനായി അനെര്‍ട്ട് ഉടന്‍ തന്നെ ടെണ്ടര്‍ ക്ഷണിക്കും.
പ്രതിദിന ഇന്ധനച്ചെലവ് 2000 രൂപ
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള സൗരോര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോളറാണ് ഒരു കിലോഗ്രാം ഹൈഡ്രജന്‍ ചെലവ് വരിക. ഇതുകൂടാതെ എല്‍.എന്‍.ജി, ട്രീറ്റ്മെന്റ് പ്ളാന്റ്, പ്ളാസ്റ്റിക് മാലിന്യം തുടങ്ങിവയില്‍ നിന്ന് ഹൈഡ്രജന്‍ ഉല്പാദിപ്പിക്കാമെന്നതും മേന്മയാണ്. ഇതിലൂടെ നിര്‍മ്മാണച്ചെലവ് വന്‍തോതില്‍ കുറയ്ക്കാനാകും. പ്രതിദിനം ഒരു ബസിന് 5 കിലോ ഹൈഡ്രജനാണ് വേണ്ടിവരിക. ഇന്ധനയിനത്തില്‍ പ്രതിദിനം 2000 രൂപ മാത്രമായിരിക്കും ചെലവ്.
ബസുകള്‍ക്ക് വില കൂടുതല്‍
ഇലക്ട്രിക് ബസുകളെക്കാള്‍ വില കൂടുതലാണ് ഹൈഡ്രജന്‍ ബസുകള്‍ക്ക്. 2.50 കോടി മുതല്‍ മൂന്ന് കോടി വരെയാണ് ബസുകളുടെ വില. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനെക്കാള്‍ കുറഞ്ഞ സമയം മതി ഹൈഡ്രജന്‍ ബസുകള്‍ ചാര്‍ജ് ചെയ്യാന്‍.