ശബരിമല: ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി അറിയിപ്പ്. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നിശേഷിക്കാര്‍ക്കും വിരിവയ്ക്കാമെന്ന് ദേവസ്വം ബോര്‍ഡ് ഉച്ചഭാഷിണിയിലൂടെ തീര്‍ഥാടകരെ അറിയിച്ചു.

ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ രാത്രി പത്ത് മണിയോടെ പുറത്തു വന്നു തുടങ്ങി.

കൂട്ടം കൂടിയോ ഒറ്റയ്‌ക്കോ സന്നിധാനത്ത് നടക്കുന്നിനോ ശരണം വിളിക്കുന്നതിനോ വിലക്കില്ല. ഇതാദ്യമായാണ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അറിയിക്കുന്നത്. എന്നാല്‍ വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവെക്കാനുള്ള കാര്യത്തില്‍ മാത്രമാണ് ഇളവെന്നും വാവര് നടയിലടക്കം മറ്റ് നിയന്ത്രണങ്ങള്‍ തുടരുമെന്നും പോലീസ് അറിയിച്ചു.

സന്നിധാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നടപടിയെന്നാണ് സൂചന. അതേസമയം, തീര്‍ത്ഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തില്‍ വന്‍കുറവാണ് ബോര്‍ഡിനുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്തെ 41.70 കോടി രൂപയുടെ വരുമാനത്തിന്റെ സ്ഥാനത്ത് 16.23 കോടി രൂപ മാത്രമാണ് ഇക്കുറിയുള്ളത്. 25.46 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അരവണ വില്‍പ്പനയില്‍ 11.99 കോടിയുടെയും കാണിക്കയിനത്തില്‍ 6.85 കോടിയുടെും അപ്പം വില്‍പ്പനയില്‍ 2.45 കോടിയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here