തിരുവനന്തപുരം: കോവിഡ് ഭീതി ഒഴിവാക്കി സ്കൂളുകള്‍ തുറക്കാന്‍, കലാലയങ്ങളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കും. സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കുമെന്ന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ ഉന്നതതല യോഗത്തിനുശേഷം മന്ത്രിമാരായ വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി എന്നിവര്‍ വ്യക്തമാക്കി.
സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ചാകും മാര്‍ഗരേഖ തയാറാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിക്കും.
ബയോബബിള്‍ പോലെയുള്ള സുരക്ഷാ കേന്ദ്രമായി സ്കൂളിനെ മാറ്റും. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണം നടത്തും. വരുന്ന രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.