സാലറി ചലഞ്ചില്‍ വിസമ്മത പത്രം: ഹൈക്കോടതി സ്‌റ്റേ ചെയ്തു

0

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന സാലറി ചലഞ്ച് പദ്ധതിയില്‍ എതിര്‍പ്പുള്ളവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിസമ്മതപത്രം വാങ്ങുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിക്കുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയാണ്. ഇക്കാര്യം പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിനു സമാനമാണ്. പണമുണ്ടായിട്ടും മന:പൂര്‍വം സംഭാവന നല്‍കാത്തവരെ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് സഹകരിക്കണം എന്ന് മാത്രമാണ് അല്ലാതെ നിര്‍ബന്ധിച്ച് പിരിക്കാന്‍ അല്ലെന്നും കോടതി നേരത്തെ തന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു.

ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്തുവേണം സര്‍ക്കാര്‍ സാലറി ചലഞ്ച് നടത്തേണ്ടത്. പല ജീവനക്കാരും സാലറി ചലഞ്ചിന് വിസമ്മതിക്കുന്നത് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരിക്കും. അത്തരക്കാരെ നിര്‍ബന്ധിക്കുന്നത് ശരിയായ രീതിയല്ല. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തില്‍ അവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജീവനക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് നല്‍കട്ടെ. നിശ്ചിത തുക വേണമെന്നു പറയുന്നതു ശരിയല്ലെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here