ഹൈക്കോടതി വിധിക്ക് പുല്ലുവില, സ്ഥാനമൊഴിയാതെ ശിശുക്ഷേമ സമിതി ഭാരവാഹികൾ, ഇടപെടാതെ അധികൃതരും ‘കാത്തിരിക്കുന്നു’

തിരുവനന്തപുരം | തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി കണ്ടില്ലെന്നു നടിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളും സർക്കാരും. ഹൈക്കോടതി പുറത്താക്കിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉത്തരവ് വന്നു നാലു ദിവസത്തിനു ശേഷം ശിശുദിന ഘോഷയാത്ര സംഘടിപ്പിച്ചത് വിവാദമായി.

സിപിഎം യുവജന നേതാവ് ജെ. എസ്.ഷിജു ഖാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് നവംബർ 10ന്  ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും സ്ഥാനം ഒഴിയാൻ ഷിജുഖാനും കൂട്ടരും ഇതേവരെ തയ്യാറായിട്ടില്ലെന്ന് പരാതി.

നവംബർ 10 നാണ് ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയത്. നവംബർ14 ന് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന
ശിശുദിന ഘോഷയാത്ര നയിച്ചത് പുറത്താക്കപ്പെട്ട ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളുമായിരുന്നു. അന്നേദിവസം മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളിൽ ജനറൽ സെക്രട്ടറി ഷിജുഖാൻ ഒപ്പു വയ്ക്കുകയും ചെയ്തു. കോടതിവിധി പ്രകാരം സാമൂഹ്യ ക്ഷേമ വകുപ്പ് സമിതിയുടെ ഭരണം ഏറ്റെടുക്കാനുള്ള ഒരു നടപടികളും ഇതേവരെ കൈക്കൊണ്ടിട്ടില്ലെന്ന വിവരവും പുറത്തു വരുന്നു.

ഷിജുഖാന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെ 200 ഓളം പേർക്ക് സമിതിയിൽ നൽകിയ അനധികൃത നിയമനങ്ങളെക്കുറിച്ചും, സമിതിയിലെ സാമ്പത്തിക ധൂർത്തിനെകുറിച്ചും അന്വേഷണം നടത്തണമെന്നും ഭാരവാഹികളെ ഉടനടി പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രക്ഷാധികാരി കൂടിയായ ഗവർണർക്കും എക്സ് ഒഫീഷ്യോ പ്രസിഡന്റായ മുഖ്യമന്ത്രിക്കും ശിശുക്ഷേമ സംരക്ഷണസമിതി നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here