ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി; കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ചു

കൊച്ചി: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇരട്ടവോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഹർജി ഹൈക്കോടതി തീർപ്പാക്കി.

ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർ വോട്ടു ചെയ്യുന്ന ബൂത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നതാണ് പ്രധാന നിർദേശം. ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ ഒരു ബൂത്തിൽ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പിക്കണം. വോട്ടെടുപ്പ് സുഗമമാക്കാൻ ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വ്യാജ വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് അറിയിച്ചു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങൾ ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചിരുന്നു. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here