കേരളത്തില്‍ അതിതീവ്ര മഴ, ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം | ശക്തമായ മഴ സാധ്യതയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദുരന്ത നിവാരണ സേന കേരളത്തിലേക്ക് എത്തുന്നു. ഇതിനോടകം വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

അതേസമയം, ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ ചുട്ടു പൊളളുകയാണ്. പല സ്ഥലങ്ങളിലും 50 ഡിഗ്രിവരെ ചൂട് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പോലും വീടുകളില്‍ നിന്നു പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് ജനം.

എന്‍.ഡി.ആര്‍.എഫിന്റെ അഞ്ചു സംഘങ്ങളാണ് കേരളത്തിലെത്തുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകുന്നതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here